Kerala
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫ്ലക്സ് ബോർഡുകളും പോസ്റ്ററും നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാർഥി അഖിൽ മാരാർ. എറണാകുളം തൃക്കാക്കരിൽ വഴക്കാല ഓത്തുപള്ലിക്ക് സമീപമാണ് സംഭവം നടന്നതെന്നും അഖിൽ മാരാർ പറഞ്ഞു.
മലപ്പുറത്ത് നിന്ന് വന്ന് താമസിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്നും അഖിൽ മാരാർ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആരോപണം.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ..ഒരാഴ്ച ആയി പല പ്രദേശത്തെ പ്രവർത്തകരും പരാതി പറഞ്ഞിട്ടും ഞാൻ പറഞ്ഞു പോട്ടെ വിട്ട് കള നമ്മൾ ശ്രദ്ധിക്കണ്ട..
ഇന്ന് വഴക്കാല പള്ളിക്ക് മുന്നിൽ വെച്ച് വെല്ലു വിളിച്ചു കൊണ്ട് പരസ്യമായി പോസ്റ്റർ കീറിയവന് തൃക്കാക്കര നാടുമായി യാതൊരു ബന്ധവുമില്ല.. ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ ഹെൽമാറ്റിന് അടിച്ചിട്ട് അവൻ ഓടി അടുത്തുള്ള കടയിൽ കയറി..
പ്രദേശത്തുള്ള മുസ്ലിം സമൂഹം സംരക്ഷിക്കും എന്ന ചിന്തയിൽ ആവും കയറിത്..ഇവനെ ആരെങ്കിലും തിരിച്ചടിച്ചാൽ പള്ളിയുള്ളവരോ സമീപ വാസികളോ അത് ചോദ്യം ചെയ്തു സംരക്ഷിക്കാൻ ശ്രമിച്ചാൽ വലിയൊരു കലാപം തന്നെ നടന്നേനെ..
മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വെച്ച് NDA യുടെ പ്രചരണം തടസപ്പെടുത്തി പ്രശ്നങ്ങൾ സ്റ്റിഷ്ടിച്ചു കലാപം ഉണ്ടാക്കാൻ ശ്രമിച്ച ആ മലപ്പുറത്ത്കാരൻ നാടിന്റെ വിഷമാണ്..എന്നാൽ സമ ചിത്തതയോടെ മറ്റുള്ളവർ പെരുമാറിയതും ഞാൻ ഇടപെട്ടതും വലിയൊരു സംഘർഷത്തിൽ നിന്നും കാര്യങ്ങളെ മാറ്റിയെടുത്തു...
കോൺഗ്രസ്സ് പ്രവർത്തകർ ആണ് ഞങ്ങളുടെ പോസ്റ്റർ നശിപ്പിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. ഇതിന് പിന്നിലും ഇവനെ പോലെ ഇവിടെ വന്നു താമസിക്കുന്ന ദേശ ദ്രോഹികൾ ആവാനാണ് സാധ്യത..
Movies
രൂക്ഷമായ ഭാഷയിൽ തന്നെ വിമർശിച്ച അഖിൽ മാരാറിന് തക്ക മറുപടിയുമായി രമേഷ് പിഷാരടി. അഖിൽ മാരാർ ഇന്ന് പറയുന്നതിനൊന്നും ഇപ്പോൾ മറുപടി പറയരുതെന്നും രണ്ടുവർഷം കാത്തിരിക്കണം എന്നിട്ടും അഖിൽ അത് തന്നെയാണോ പറയുന്നതെന്ന് ഉറപ്പിച്ചിട്ടേ നമ്മൾ മറുപടി പറയാവൂവെന്നായിരുന്നു രമേഷിന്റെ പരിഹാസ മറുപടി.
രമേഷ് പിഷാരടിയുടെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നപ്പോൾ താരത്തെ വിമർശിച്ച് ട്വന്റി-20 സ്ഥാനാർഥി അഖിൽ മാരാർ രംഗത്തെത്തിയിരുന്നു.
ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നായിരുന്നു അഖിൽ പറഞ്ഞത്. പിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വ്യത്യാസം എന്ന പേരിൽ താരതമ്യം ചെയ്തായിരുന്നു അഖിലിന്റെ വിമർശനം.
Movies
അഖിൽ മാരാരോടുള്ള തന്റെ ഇഷ്ടക്കേട് പരസ്യമാക്കി നടി മല്ലിക സുകുമാരൻ. അഖിലിനെ ഒരു ട്രോളൻ ആയിട്ടാണ് താൻ കാണുന്നതെന്നും വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് കരുതിയ ഒരാൾ ഇപ്പോൾ ജീവിതത്തിൽ അഭിനയിച്ചു നടക്കുകയാണെന്നും മല്ലിക പരിഹസിച്ചു.
മകൻ പൃഥ്വിരാജ് പുതിയ ആളുകൾക്ക് അവസരം നൽകുന്നില്ലെന്ന അഖിൽ മാരാരുടെ പ്രസ്താവനയാണ് മല്ലികയെ ചൊടിപ്പിച്ചത്.
പൃഥ്വിരാജ് തന്റെ സ്വന്തം നിർമാണ കമ്പനി വഴി ‘കുരുതി’ മുതൽ ഇങ്ങോട്ട് ചെയ്ത സിനിമകളിൽ നിരവധി പുതുമുഖ സംഗീത സംവിധായകർക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും അവസരം നൽകിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.
വഴിയേ പോകുന്ന ചെണ്ടക്കെല്ലാം എടുത്തിട്ട് അടിക്കുന്ന ഒരുത്തനാണ് അഖിൽ മാരാർ. അവനെ ആദ്യം ഞാൻ കാണുന്നത് കൊട്ടാരക്കര ഒരു ഫംഗ്ഷന് പോകുമ്പോഴാണ്.
ബിഗ് ബോസിൽ നിന്ന് വന്ന സമയത്താണ് അത്. അന്ന് ഞാൻ പരസ്യമായി പറഞ്ഞതാണ് സാമർഥ്യം ഉള്ള ഒരു ചെറുപ്പക്കാരനാണ് എന്ന്. ഇയാൾക്ക് സ്വന്തമായി വ്യക്തമായ അഭിപ്രായം ഉണ്ടാകുമെന്നു വിചാരിച്ചിരുന്നു, പക്ഷേ ഇല്ല ചുമ്മാതെയാ ഈ കാണിക്കുന്നത്. ഭയങ്കര അഭിനേതാവാണ്, സിനിമയിൽ അഭിനയിക്കാൻ പറ്റുകയുമില്ല, അല്ലാതെ അഭിനയിക്കാൻ മിടുക്കനാണ്.
അയാൾ മിടുക്കനാണ് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു, പക്ഷെ അങ്ങനെയൊന്നും അല്ല. എന്ത് കണ്ടിട്ടാണ് കക്ഷി ഈ അടുത്ത കാലത്ത് പറഞ്ഞത് പൃഥ്വിരാജ് പുതിയ ആൾക്കാർക്ക് അവസരം കൊടുക്കുന്നില്ല എന്ന് ? കഷ്ടം!
എന്തെങ്കിലും അയാൾ ഫോളോ ചെയ്യുന്നുണ്ടോ.‘കുരുതി’ തൊട്ട് ഇങ്ങോട്ട് അവൻ എടുത്തിരിക്കുന്ന എല്ലാ പടത്തിലും പുതിയ ആൾക്കാർക്ക് അവസരം കൊടുത്തിട്ടുണ്ട്.
മോഹൻലാലിനെ വച്ച് സംവിധാനം ചെയ്യാൻ പോയപ്പോൾ ഉള്ള കാര്യമല്ല ഞാൻ പറഞ്ഞത്, അവന്റെ പൈസ മുടക്കി എടുത്ത പടങ്ങളിൽ സംഗീത സംവിധായകർ, ആർട്ടിസ്റ്റുകൾ, എഴുത്തുകാർ തുടങ്ങി ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുത്തിട്ടുണ്ട്.
ഇറങ്ങി നടന്നു ചോദിച്ചു നോക്കട്ടെ, ഒന്നും അന്വേഷിക്കാതെ ഇങ്ങനെ പറയുകയാണ്. ആരെയെങ്കിലും സുഖിപ്പിച്ച് കാര്യസാധ്യത്തിനു വേണ്ടി മൈക്ക് വച്ച് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു നടക്കും.
അങ്ങനെയാണെങ്കിൽ ഞങ്ങൾക്കൊക്കെ എന്തെല്ലാം പറയാൻ ഉണ്ട്. പിന്നെ പാവം കൊച്ചൻ ജീവിച്ചുപോട്ടെ എന്ന് കരുതിയിട്ടാണ്. അവൻ എവിടെ കിടക്കുന്നു ,ഞാൻ എവിടെ കിടക്കുന്നു, എനിക്ക് 71 വയസായി.
വളർന്നുവരുന്ന കലാകാരൻ എങ്ങനെയെങ്കിലും രക്ഷപെട്ടു പോകട്ടെ. എന്തായാലും അഖിൽ മാരാർ എന്ന വ്യക്തിയോട് എന്തെങ്കിലും ഒരു ഇഷ്ടമുണ്ടെങ്കിൽ ഇത്തരത്തിലുള്ള പറച്ചിലുകൾ കൊണ്ട് അത് പോയ് കിട്ടി, ഇപ്പോൾ ഞാൻ അയാളെ ഒരു ട്രോളൻ ആയിട്ടാണ് കാണുന്നത്.’’മല്ലിക സുകുമാരൻ പറഞ്ഞു.
Movies
സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർക്കെതിരെ വീണ്ടും അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണ് അഖിൽ മാരാരെന്ന് സത്യഭാമ പറയുന്നു.
‘‘ബിഗ് ബോസ് എന്ന മൂന്നാംകിട പരിപാടി ഒരിക്കൽ പോലും കണ്ടിട്ടില്ല. ഈ പയ്യന്റെ ചെറിയ ചെറിയ അഭിമുഖങ്ങൾ ഇടയ്ക്ക് കാണാറുണ്ടായിരുന്നു. അന്നൊക്കെ പണ്ട് മാങ്ങ വിറ്റു നടന്നിരുന്ന കഥയും, ജ്യൂസ് അടിച്ച് നടന്നിരുന്ന കഥയും കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.
കേരളത്തിലെ ‘മനുഷ്യർ’ ആയിട്ടുള്ള ആളുകൾ ഒരുപോലെ വെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലാണ് നീ കാലു വച്ചതെങ്കിലും നൂറ് ശതമാനം നീ കാരണം കോൺഗ്രസിന്റെ കൂടെ നിന്ന് അവരെ നീ പുറകിൽ നിന്നും കുത്തി വീഴ്ത്തി, നിന്റെ സ്വന്തം താല്പര്യത്തിനു വേണ്ടി നീ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി.
ഇപ്പോൾ പറയുന്നു, ബിജെപിയുടെ ചില വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്ന്. അങ്ങനെയെങ്കിൽ കോട്ടത്തല അഖിൽ മോനെ നിന്നെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണെന്ന് നിന്റെ അമ്മയേക്കാൾ പ്രായമുള്ള എനിക്ക് ഈ കേരള സമൂഹത്തോട് ഒച്ചത്തിൽ വിളിച്ചു പറയേണ്ടതായി വരും.’’കലാമണ്ഡലം സത്യഭാമ പറഞ്ഞതിങ്ങനെ.
കഴിഞ്ഞ ദിവസവും അഖിലിനെ വിമർശിച്ച് സത്യഭാമ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനൊന്നും മറുപടിയുമായി അഖിൽ എത്തിയിട്ടില്ല.
അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയാകുന്ന വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യവിമർശനം. ചാണകത്തിൽ ചവിട്ടാൻ പാടില്ലായിരുന്നുവെന്നും ഹൃദയത്തോട് ചേർത്ത് പിടിച്ചവരെ അഖിൽ മാരാർ ചതിക്കുകയായിരുന്നുവെന്നും ഇതുവരെ ലഭിച്ച എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ തീരുമെന്നും സത്യഭാമ അന്ന് പറഞ്ഞത്.
Movies
എൻഡിഎയുടെ ഭാഗമായി രാഷ്ട്രീയ പ്രവേശനം നടത്തിയ സംവിധായകൻ അഖിൽ മാരാരെക്കുറിച്ച് ഉണ്ണി മുകുന്ദൻ എഴുതിയ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഗോഡ്ഫാദറോ തലമുറകളുടെ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് അഖിലിന്റെ ധൈര്യമാണെന്ന് ഉണ്ണി പറയുന്നു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ
ഒരു സുഹൃത്തിനുള്ള ചെറിയ കുറിപ്പ്
അഖിൽ, നിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എനിക്കറിയില്ലായിരിക്കാം, പക്ഷേ നിന്റെ യാത്ര ശ്രദ്ധിച്ചിട്ടുള്ള ഏതൊരാൾക്കും ഒരു കാര്യം വ്യക്തമാണ്, നീ പ്രത്യേക പരിഗണനകളോ പാരമ്പര്യത്തിന്റെ ആനുകൂല്യങ്ങളോ ലഭിച്ചിട്ടുള്ള ഒരു ചുറ്റുപാടിൽ നിന്നല്ല വരുന്നത്. അതുതന്നെയാണ് നിന്റെ കഥയെ ഇത്രയധികം ശക്തമാക്കുന്നതും.
എന്റെ ആത്മാർത്ഥമായ ആദരവിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. ഒരു ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടി പടിപടിയായി ഉയർന്ന് ഇന്നത്തെ നീ ആകുന്നതും നാളെ നീ ആകാൻ പോകുന്നതും കാണുന്നത് ആഴത്തിൽ പ്രചോദനം നൽകുന്ന ഒന്നാണ്. പുറത്തുള്ള ഒരുപാട് പേർക്ക് മാത്രമല്ല, എനിക്കും.
സുഹൃത്തുക്കളിൽ നിന്ന് ഞാൻ കേട്ടതനുസരിച്ച് നീ എല്ലായ്പ്പോഴും വളരെ ബുദ്ധിയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു, ചിന്തകളിൽ വ്യക്തതയും മൂർച്ചയുള്ള അഭിപ്രായങ്ങളുമുള്ള ഒരാൾ. കാലക്രമേണ, നിന്റെ നിലപാടുകൾ നീ അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ആ പറച്ചിലുകൾ ശരിയാണെന്ന് കൂടുതൽ ഉറപ്പിച്ചു.
വ്യക്തത എന്നത് യാദൃച്ഛികമായി ഉണ്ടാകുന്ന ഒന്നല്ല. അത് ആഴത്തിൽ ചിന്തിക്കുന്നതിലൂടെയും, സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയും, സത്യസന്ധമായി ജീവിക്കുന്നതിലൂടെയും ഉണ്ടാകുന്നതാണ്.
നീ സോഡ വിൽക്കുന്ന, പഴക്കച്ചവടക്കാരനായി ജോലി ചെയ്യുന്ന ചിത്രങ്ങൾ... അവയെല്ലാം വളരെ ശക്തമാണ്. അവ പ്രയാസങ്ങളെക്കാളുപരി അന്തസിനെയാണ് കാണിക്കുന്നത്. വൈറ്റ് കോളർ ജോലിയുടെ അംഗീകാരത്തിനായി കൊതിക്കാത്ത ഒരു ചെറുപ്പക്കാരനെയാണ് അവ കാണിക്കുന്നത്.
നീ ജോലി ചെയ്യാൻ തയ്യാറായിരുന്നു. കഠിനാധ്വാനം ചെയ്യാൻ. സമ്പാദിക്കാൻ. അതിൽ ഒരു വ്യക്തിയെ യാഥാർത്ഥ്യബോധമുള്ളവനാക്കുന്ന എന്തോ ഒന്നുണ്ട്. സുഖസൗകര്യങ്ങൾക്ക് ഒരിക്കലും നൽകാനാവാത്ത രീതിയിൽ അത് സ്വഭാവത്തെ രൂപപ്പെടുത്തുന്നു.
ഏകദേശം ഒരു ദശാബ്ദം മുൻപാണ് ഞാൻ നിന്നെ ആദ്യമായി കാണുന്നത്, കണ്ണുകളിൽ തീക്ഷ്ണതയുള്ള, ഒരു സിനിമ സംവിധായകനാകാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനായി. ആ കൂടിക്കാഴ്ച അപ്പോൾത്തന്നെ ഫലം കണ്ടില്ലായിരിക്കാം, പക്ഷെ എന്നിൽ തങ്ങിനിന്നത് നിന്റെ ആ വിശപ്പ് ആയിരുന്നു.
പിന്നീട്, നീ ഒരു സിനിമ സംവിധായകനായപ്പോൾ ഞാൻ കണ്ടത് കർമ്മനിരതനായ ഒരു മനുഷ്യനെയാണ്. അപ്പോഴും, പശ്ചാത്തലമില്ല, പിന്തുണയില്ല, ഇച്ഛാശക്തി മാത്രം.
പിന്നീട് ബിഗ് ബോസ് മലയാളത്തിലേക്കുള്ള നിന്റെിു യാത്ര. ഞാൻ സാധാരണയായി സ്വകാര്യ സംഭാഷണങ്ങൾ പുറത്തുപറയാറില്ല, പക്ഷേ ഇത് പങ്കുവയ്ക്കേണ്ട ഒന്നാണ്. ഷോയിൽ പ്രവേശിക്കുന്നതിന് മുൻപുള്ള നിന്റെ ആശങ്ക ഞാൻ ഓർക്കുന്നു.
ഞാൻ അന്ന് നിന്നോട് പറഞ്ഞു, ഞാൻ നിന്നിലൊരു വിജയിയെ കാണുന്നു, നിനക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന്. നീ അകത്തേക്ക് നടന്നു. നിന്റെ കഴിവിന്റെ പരമാവധി നൽകി. നീ ഗംഭീരമായി വിജയിക്കുകയും ചെയ്തു. അത് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. നീ ഒരു രംഗത്തേക്ക് ഇറങ്ങിയാൽ, പകുതി മനസോടെയല്ല ഇറങ്ങുന്നത്.
അടുത്തിടെ, ക്രിക്കറ്റ് മൈതാനത്ത് വെച്ച് നിന്നെ കണ്ടപ്പോഴും ഇതേ കാര്യം എനിക്ക് കൂടുതൽ വ്യക്തമായി. കളിയോട് പൂർണമായും മുഴുകിനിൽക്കുന്നു. മത്സരബുദ്ധിയോടെ കളിക്കുന്നു. ഒരു ടീം പ്ലെയർ.
എപ്പോഴും തന്റെ ഏറ്റവും മികച്ചത് നൽകാൻ തയ്യാറാണ്. മത്സര ക്രിക്കറ്റിനെക്കുറിച്ച് അറിയുന്ന ഏതൊരാൾക്കും അറിയാം, കേരള സ്ട്രൈക്കേഴ്സിന്റെ ഭാഗമാകുന്നത് ഒരു ചെറിയ നേട്ടമല്ലെന്ന്. അതിന് പ്രതിബദ്ധതയും അച്ചടക്കവും ഹൃദയവും ആവശ്യമാണ്.
ഇപ്പോൾ, രാഷ്ട്രീയം !
ഈ പ്രായത്തിൽ, നിന്റെ ജീവിതത്തിലെ ഇത്രയും നിർണായകമായ ഒരു ഘട്ടത്തിൽ എടുത്ത ഈ തീരുമാനം, ഒരുപക്ഷേ നീ ഇന്നേവരെ എടുത്തതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. ഒരു ഗോഡ്ഫാദറോ, തലമുറകളുടെ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് ധൈര്യമാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങൾക്ക് പകരം പൊതുസേവനം തിരഞ്ഞെടുക്കുന്ന, സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാളെ കാണുന്നത് ഇന്നത്തെ യുവത്വത്തിന് പ്രചോദനമാണ്.
ആശയങ്ങളോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. വ്യക്തിപരമായി, എല്ലാ രാഷ്ട്രീയ പക്ഷത്തുമുള്ളവരോടും എനിക്ക് ബഹുമാനമുണ്ട്, കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, അവർ സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചവരാണ്. കാഴ്ചക്കാരനായി നിന്ന് വിമർശിക്കാൻ എളുപ്പമാണ്. കളത്തിലിറങ്ങാനാണ് പ്രയാസം.
നീ സംസാരിച്ചു. വിഷയങ്ങളെ അഭിസംബോധന ചെയ്തു. ഇനി വരുന്നത് യഥാർത്ഥ പരീക്ഷണമാണ്, പ്രവൃത്തിയിൽ എത്തിക്കലാണ്. വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നത് എപ്പോഴും പ്രവൃത്തികളായിരിക്കും. ഒറ്റയ്ക്ക് നിന്ന് കാര്യങ്ങൾ നടപ്പിലാക്കാൻ ശരിക്കും ധൈര്യം വേണം.
വിനയാന്വിതനായിരിക്കുക. ആ ആഗ്രഹം (വിശപ്പ്) കെടാതെ സൂക്ഷിക്കുക. നീ ഇന്നുവരെ എങ്ങനെയായിരുന്നോ, ആ മനുഷ്യനായി തന്നെ തുടരുക. ഈ പുതിയ അധ്യായത്തിന് നിനക്ക് ശക്തിയും വിവേകവും ധൈര്യവും ആശംസിക്കുന്നു.
ആദരവോടെ.
Kerala
കൊച്ചി: താൻ ഒരു ബിജെപി അനുഭാവിയാണെന്ന പ്രചാരണങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ. തന്റെ രാഷ്ട്രീയ നിലപാടുകൾ പൂർണമായും ബിജെപിയുടേതല്ലെന്നും, ചില അടിസ്ഥാന കാര്യങ്ങളിൽ പാർട്ടിയുമായി വിയോജിപ്പുള്ളതിനാലാണ് നേരിട്ട് ബിജെപിയിൽ ചേരാത്തതെന്നും അഖിൽ മാരാർ വ്യക്തമാക്കി. ആശയപരമായി താൻ 70 ശതമാനം ബിജെപി ചിന്താഗതിക്കാരനാണ്.
ബിജെപിയുമായി ചില കാര്യങ്ങളിൽ യോജിക്കാൻ കഴിയാത്തതുകൊണ്ടാണ് ട്വന്റി 20 എന്ന ബദൽ രാഷ്ട്രീയം തെരഞ്ഞെടുത്തത്. വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയോടാണ് താത്പര്യമെന്നും അഖിൽ മാരാർ പറഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി താരം കഴിഞ്ഞ ദിവസം ട്വന്റി 20യിൽ ചേർന്നിരുന്നു.
വിവിധ വേദികളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ 'സംഘി' എന്ന് വിളിച്ചുകൊണ്ട് വ്യക്തിപരമായി അധിക്ഷേപിക്കാറുണ്ടെന്നും എന്നാൽ തന്നെ ഇത്തരത്തിൽ പരിഹസിക്കുന്ന കോൺഗ്രസ് നേതൃത്വം തന്നെ തിരഞ്ഞടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. സീറ്റ് നൽകാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകിയതിന്റെ വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അഖിൽ മാരാർ അവകാശപ്പെട്ടു.
Movies
സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാറിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ച് കലാമണ്ഡലം സത്യഭാമ. ചാണകത്തിൽ ചവിട്ടാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സത്യഭാമയുടെ കുറിപ്പ് ആരംഭിക്കുന്നത്.
ഹൃദയത്തോട് ചേർത്ത് പിടിച്ചവരെ അഖിൽ മാരാർ ചതിക്കുകയായിരുന്നുവെന്നും ഇതുവരെ ലഭിച്ച എല്ലാ ഉയർച്ചകളും ഈയൊരു തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ തീരുമെന്നും സത്യഭാമ പറയുന്നു.
‘‘മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ ചതിക്കുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല.’’സത്യഭാമയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയിൽ ഔദ്യോഗികമായി അംഗത്വം എടുക്കുന്നത്. പൂർണമായും ബിജെപിയുമായി യോജിക്കാൻ കഴിയാത്തതിനാലാണ് താൻ നേരിട്ട് ബിജെപിയിലേക്ക് പോകാത്തതെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എൻഡിഎയുടെ ഭാഗമായി കൊട്ടാരക്കരയിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അഖിൽ മാരാർ. സീറ്റ് ചർച്ചകൾ നടക്കുന്നതായി അഖിൽ സൂചിപ്പിച്ചു.
Kerala
കൊച്ചി: തന്റെ നിലപാടുകള് പൂര്ണമായും ബിജെപിക്ക് ഒപ്പം അല്ലെന്ന് അഖില് മാരാര്. അതുകൊണ്ടാണ് നേരിട്ട് ബിജെപിയില് ചേരാത്തത്. താന് 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളില് യോജിക്കാന് കഴിയുന്നില്ല. അതുകൊണ്ട് ആണ് ട്വന്റി-ട്വന്റി തെരഞ്ഞെടുത്തതെന്നും അഖില് മാരാര് പറഞ്ഞു.
കോണ്ഗ്രസുകാര് പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കി. സീറ്റ് നല്കും എന്ന സൂചന കോണ്ഗ്രസ് നേതാക്കള് നല്കിയിരുന്നു. അതിനുള്ള തെളിവുണ്ടെന്നും അഖില് മാരാര് കൊച്ചിയില് പറഞ്ഞു.
Kerala
കൊച്ചി: സോഷ്യൽ മീഡിയ സെലിബ്രിറ്റി അഖിൽ മാരാർ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്റി 20യിൽ. ട്വന്റി 20 ചീഫ് കോഓര്ഡിനേറ്റര് സാബു എം. ജേക്കബിനൊപ്പം നടത്തിയ വാര്ത്താസമ്മേളനത്തിലാണ് അഖിൽ മാരാർ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ഭരണം മാറണം എന്നതാണ് തന്റെ നിലപാടെന്നും അഖിൽ പറഞ്ഞു. അതിനാലാണ് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ കോൺഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. എന്നാൽ, അതുണ്ടായില്ല. സതീശനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷേ കോണ്ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും അഖിൽ മാരാർ അറിയിച്ചു.
ഒരു സ്ഥാനാർഥി ചർച്ചയും യുഡിഎഫുമായി നടത്തിയിട്ടില്ല. ക്രാന്ത ദർശിയായ നേതാക്കൾ മുന്നോട്ടു വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ട്വന്റി 20. കിഴക്കമ്പലം വികസനത്തിന് മാതൃകയാണ്. ചേരാൻ ഏറ്റവും അനുയോജ്യമായ പാർട്ടിയാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
ട്വന്റി 20യിലേക്ക് ഒരുപാട് പ്രഗത്ഭരായിട്ടുള്ളവര് കടന്നുവരുകയാണെന്നും അഖിൽ മാരാര് പാര്ട്ടിയുടെ ഭാഗമായെന്നും സാബു എം. ജേക്കബ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിൽ മത്സരിക്കുമെന്നും മണ്ഡലം എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
Kerala
കോട്ടയം: ട്വന്റി ട്വന്റിയിൽ ചേരാൻ സിനിമ സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ. കൊച്ചിയിൽ ഇന്ന് വൈകുന്നേരം നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്വന്റി ട്വന്റി കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം.
കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി ട്വന്റിയിലേക്കു ചേരുന്നത്. കൊട്ടാരക്കര സ്വദേശിയായ അഖിൽ മത്സരിക്കാനുള്ള താൽപ്പര്യം കോൺഗ്രസ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. ജയിക്കാൻ സാധ്യതയുള്ള സീറ്റ് വേണ്ടെന്നും പാർട്ടി തോൽക്കുന്ന സീറ്റ് മതിയെന്നുമായിരുന്നു അഖിൽ പറഞ്ഞിരുന്നത്.
നേമം, ധർമടം, ചടയമംഗലം എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ചടയമംഗലത്ത് പരിഗണിക്കാമെന്ന ഉറപ്പ് ചില നേതാക്കളിൽനിന്ന് ലഭിച്ചിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വന്റി ട്വന്റിയിൽ ചേരാൻ അഖിൽ തീരുമാനിച്ചത്.
Kerala
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ സിനിമ താരം ഉൾപ്പടെ മൂന്നുപേരെ പരിഗണിക്കാൻ കോൺഗ്രസ്. നടനും സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാരുടെ പേരും പരിഗണനയിലുണ്ട്.
കൊട്ടാരക്കരയിൽ മാരാർ മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്നാണ് ഡിസിസി വിലയിരുത്തൽ. ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ, എഴുത്തുകാരൻ ജെ.എസ്. അടൂർ (ജോൺ സാമുവൽ) എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് രണ്ട് പേർ.
കെപിസിസി പബ്ലിക് പോളിസി അധ്യക്ഷനായ ജെ.എസ്. അടൂരിന്റെ പേര് നിർദേശിച്ചത് മുതിർന്ന നേതാവാണെന്നും റിപ്പോർട്ടുണ്ട്.
Movies
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ പ്രതികരണവുമായി അഖിൽ മാരാർ. രാഹുൽ നടത്തിയ ഇമോഷനൽ കൺവേർഷനിന്റെ ഭാഗമായി ഉണ്ടായ വീഴ്ചയാണ് അതിജീവിതയ്ക്ക് സംഭവിച്ചതെന്ന് അഖിൽ മാരാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ ചാനൽ ചർച്ചകളിൽ തുടർച്ചയായി ന്യായീകരിച്ച് രാഹുൽ ഈശ്വർ സ്വയം കുഴിച്ച കുഴിയിൽ വീഴുകയാണുണ്ടായതെന്നും അഖിൽ മാരാർ പറഞ്ഞു.
അഖിൽ മാരാരുടെ വാക്കുകൾ
രാഹുൽ മാങ്കൂട്ടത്തിലിനെ ചാനൽ ചർച്ചകളിൽ തുടർച്ചയായി ന്യായീകരിച്ച് സ്വയം കുഴിച്ച കുഴിയിൽ പോയി വീണ് രാഹുൽ ഈശ്വർ കൂടി ഇന്ന് ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. രാഹുൽ ഈശ്വരനോട് ആദ്യത്തെ ദിവസം ചാനൽ ചർച്ചയിൽ വന്നിരുന്നു സംസാരിച്ച സമയത്ത് ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചു.
അദ്ദേഹത്തിന്റെ ചാനൽ ചർച്ച കേൾക്കുന്നത് തന്നെ അരോചകമായി തോന്നിയതുകൊണ്ടും നിരത്തുന്ന വാദമുഖങ്ങൾ ഒക്കെ വളരെ അരോചകമായി തോന്നിയതുകൊണ്ടുമാണ് ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ചത്. അദ്ദേഹത്തോട് ആദ്യം പറഞ്ഞത് താങ്കൾക്ക് ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടോ എന്നുള്ളതാണ്.
ഇവിടെ താങ്കൾ പറയുന്ന പ്രകാരം വിവാഹിതയായ ഒരു സ്ത്രീ രാഹുൽ മാങ്കൂട്ടത്തിലുമായി തന്റെ ഭർത്താവിനെ ചതിച്ച് നടത്തിയ ഒരു ബന്ധം എന്ന നിലയ്ക്ക് താങ്കൾ മുന്നോട്ടുവയ്ക്കുന്ന വാദം പൂർണമായും മുഖവിലയ്ക്ക് എടുത്തുകൊണ്ട് ഞാൻ ചോദിക്കുന്നത്, നാലുമാസം മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സ്ക്രീൻഷോട്ടുകളും പഴയ ചാറ്റുകളും അന്നത്തെ ഗർഭകേസുകളും ഈ പെൺകുട്ടിയുടെ ആയിരുന്നോ അതോ അത് അറിയാതെയാണോ താങ്കൾ ഇത് സംസാരിക്കുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
അത് അറിഞ്ഞിട്ടാണോ അല്ലയോ എന്ന് അറിയില്ല, അല്ലെങ്കിൽ ബോധപൂർവമാണോ എന്ന് അറിയില്ല. അല്ലെങ്കിൽ ഇത്തരം വിഷയങ്ങൾ സംസാരിക്കുന്ന സമയത്ത്, വലിയ ഒരു ജനരോഷം നിൽക്കുന്ന വിഷയത്തിനെതിരെ സംസാരിക്കുമ്പോൾ തനിക്ക് കിട്ടുന്ന ശ്രദ്ധകൾക്ക് വേണ്ടിയിട്ടാണോ എന്ന് അറിയില്ല.
സത്യത്തെയും യാഥാർഥ്യത്തെയും മറച്ചുപിടിച്ചുകൊണ്ട്, ഒരു വലിയ വിഭാഗം പിണറായി വിജയനെതിരെ കേരളത്തിൽ നിൽക്കുന്നതുകൊണ്ടു തന്നെ സർക്കാരിനെതിരെ അതിശക്തമായ ജനരോഷം ഉണ്ടായതുകൊണ്ട് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാൽ ആ പിന്തുണ തനിക്കു കൂടി ലഭിക്കുമെന്ന് കരുതിയ സ്വയം ഒരു വിഡ്ഢിയായി മാറിയ രാഹുൽ ഈശ്വരോട് അന്നത്തെ ദിവസം പറഞ്ഞത് തന്നെ ഞാൻ വീണ്ടും ആവർത്തിക്കുന്നു.
താങ്കൾ കാണിക്കുന്നതിന് ഒരു രീതിയിലും ന്യായീകരിക്കാൻ പറ്റുന്ന ഒന്നുമില്ല എന്ന യാഥാർത്ഥ്യം താങ്കൾ ഇനിയെങ്കിലും മനസിലാക്കുക. താങ്കൾ ഇവിടെ മുന്നോട്ടുവയ്ക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണ്. താങ്കളുടെ ആദ്യത്തെ വാദം എന്ന് പറയുന്നത് ഈ വിഷയത്തോടുകൂടി രാഹുൽ മാങ്കൂട്ടത്തിന്റെ മാന്യത, രാഹുൽ മാങ്കൂട്ടത്തിന്റെ നല്ല മുഖം പുറത്തുവന്നു എന്നാണ്.
കാരണം രാഹുലിന്റെ ഇന്റൻഷൻ എന്ന് പറയുന്നത് ഈ പെൺകുട്ടിയെ വിവാഹം കഴിച്ച് അവളെ അമ്മയാക്കി, അവളെ കല്യാണം കഴിച്ച് ഭാര്യയും അമ്മയും ആക്കി കൂടെ പൊറുപ്പിക്കാൻ വേണ്ടിയിട്ടാണെന്നും ആ പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രാഹുൽ മാങ്കൂട്ടത്തിൽ അത് കാത്തുസൂക്ഷിച്ചതിനുള്ള കാരണം അദ്ദേഹത്തിന്റെ മാന്യതയാണെന്നും പറഞ്ഞാണ് ആദ്യ ദിവസങ്ങളിൽ രാഹുൽ ഈശ്വർ വാദിച്ചത്.
തൊട്ടടുത്ത ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറയുകയാണ് ഈ പെൺകുട്ടി വിവാഹിതയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു എന്നും കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ സംസാരിക്കാൻ വേണ്ടിയിട്ടാണ് ഈ പെൺകുട്ടി തന്നെ ബന്ധപ്പെട്ടതെന്നും പിന്നീട് ആ ബന്ധം സൗഹൃദവും പ്രണയവുമായി മാറിയെന്നും ആ പ്രണയം സെക്സിലേക്ക് വഴിമാറിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സമ്മതിച്ചതോടുകൂടി രാഹുല് ഈശ്വർ ആദ്യം മുന്നോട്ടുവെച്ച എല്ലാ വാദങ്ങളും അവിടെ പൊളിഞ്ഞു.
യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും വന്നിരുന്ന് ഈ വിഷയത്തിൽ ന്യായീകരിക്കുമ്പോൾ, അയാൾ രണ്ടാമത് മുന്നോട്ടുവയ്ക്കാൻ ആഗ്രഹിക്കുന്ന വാദങ്ങൾ എല്ലാം വിവാഹിതയായ ഒരു സ്ത്രീ തന്റെ ഭർത്താവിനെ ചതിച്ച് മറ്റൊരു പുരുഷന്റെ ഒപ്പം പോയി എന്ന് പറയുന്ന കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിലും കുടുംബങ്ങൾക്കിടയിലും ഏറ്റവും എളുപ്പം വർക്കാവുന്ന, കുടുംബങ്ങളുടെ ധാർമികത അല്ലെന്നുണ്ടെങ്കിൽ സന്മാർഗികത എന്ന് പറയുന്ന കാഴ്ചപ്പാടുകൾ, ഇത്തരം വലതുപക്ഷ ചിന്തകൾ പലപ്പോഴും കുടുംബങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ലഭിക്കുന്നതാണ്. അതിലൂടെ ഒരുപാട് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ ഈശ്വറിന് കഴിഞ്ഞിട്ടുണ്ട്.
ഇവിടെ രാഹുൽ ഈശ്വർ വളരെ കൃത്യമായി ജനങ്ങളോടല്ലാം പറയുകയാണ്, നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങൾ എല്ലാം തന്നെ രാഹുൽ മാങ്കൂട്ടത്തിൽ വിവാഹിതയായ ഒരു സ്ത്രീയുമായി അറിയാതെ നടത്തിയ ഒരു ബന്ധത്തിൽ ഈ വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെ ചതിച്ച് മറ്റൊരുവനുമായി ബന്ധപ്പെട്ടു എന്നതാണ്.
നോക്കൂ നിങ്ങൾ ആദ്യം മനസിലാക്കേണ്ടത് ആദ്യം വന്ന വാർത്ത, ആദ്യം വന്ന ചാറ്റുകൾ, ആദ്യം വന്ന ഗർഭ കേസുകൾ ഒന്നും തന്നെ ഈ പെൺകുട്ടിയുടേതല്ല. നിങ്ങൾക്ക് തന്നെ അന്നത്തെ ചാറ്റുകൾ പരിശോധിച്ചാൽ മനസ്സിലാകും 2021ലെ ചാറ്റുകളാണ് അന്ന് പുറത്തുവന്നത്.
2021ൽ ഈ പെൺകുട്ടിയുമായിട്ടല്ല ഈ രാഹുൽ മാങ്കൂട്ടത്തിൽ ബന്ധപ്പെട്ടത്. അന്ന് മറ്റൊരു പെൺകുട്ടിയായിരുന്നു. അത് മറ്റൊരു ചാനലിലെ മറ്റൊരു മാധ്യമ പ്രവർത്തക ആയിരുന്നു. അന്ന് ഗർഭകേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം പൊങ്ങി വന്നത്.
അതോടൊപ്പം തന്നെ പുറത്തുവരാത്ത പരാതികൾ പലരും ഭയപ്പെട്ട് ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന പല പരാതികളും വി.ഡി. സതീശനോടും അതുപോലെയുള്ള കോൺഗ്രസിലെ പല പ്രമുഖ നേതാക്കന്മാരോടും പലരും പങ്കുവച്ചിട്ടുള്ള ഈ പരാതികൾ കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് കോൺഗ്രസിന്റെ ബോധമുള്ള ഒരു നേതൃത്വം രാഹുലിനെ ഒഴിവാക്കി നിർത്താൻ ഒരു തീരുമാനമെടുത്തത്.
യാഥാർഥത്തിൽ രാഹുലിനെ ഒഴിവാക്കി നിർത്തിയത് രാഹുലിനെ കൂടി രക്ഷിക്കുക എന്ന് പറയുന്ന ഒരു നീക്കത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. പാർട്ടിക്കുള്ളിൽ ഒരു അന്വേഷണ കമ്മീഷനെ വയ്ക്കുകയും ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ മാറ്റിനിർത്തുകയും ചെയ്യുക എന്നൊരു സമീപനമാണ് വിഡി സതീശനോ കെപിസിസിയും തീരുമാനിച്ചിരുന്നതെങ്കിൽ ഈ അന്വേഷണ കമ്മീഷന്റെ മുമ്പിൽ നിരവധി പെൺകുട്ടികൾ പരാതി നൽകാൻ തയാറാകുമായിരുന്നു. അത് രാഹുലിന് കൂടുതൽ ദോഷകരമായി മാറിയേനെ.
കാരണം ഈ വിഷയത്തിൽ നിരവധി പരാതികളും നിരവധി പെൺകുട്ടികളും ഉണ്ടെന്നുള്ളത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇത്തരമൊരു നിലപാട് എനിക്ക് സ്വീകരിക്കേണ്ടി വരുന്നത് എന്ന് ചോദിച്ചാൽ വ്യക്തിപരമായി തന്നെ ഒന്നൊന്നര വർഷങ്ങൾക്ക് മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തു പോയിട്ടുള്ള, സിനിമ മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർ രാഹുൽ അങ്ങോട്ട് ഇൻസ്റ്റാഗ്രാമിൽ മെസജ് അയച്ചു ബന്ധം സ്ഥാപിക്കാൻ ശ്രമിച്ച കാര്യങ്ങൾ കേട്ടപ്പോൾ അവർക്കിത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്താണ് ഇയാളുടെ ഇന്റൻഷൻ എന്നത് ഉൾക്കൊള്ളാൻ കഴിയാതെ ഇരുന്നതിനുള്ള കാര്യങ്ങൾ ഞാൻ മുമ്പ് തന്നെ പങ്കുവെച്ചിട്ടുള്ളതുമാണ്.
അപ്പോൾ ഒരു വ്യക്തി പിണറായി വിജയനെ എതിർക്കുന്നു അല്ലെങ്കിൽ സർക്കാരിനെ എതിർക്കുന്നു എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് ഒരു പൊതുപ്രവർത്തകൻ കാണിക്കേണ്ട മാന്യത പൊതുസമൂഹത്തിൽ പുലർത്തിയിരുന്നില്ല എന്നതാണ് ഇവിടുത്തെ പ്രധാനപ്പെട്ട പ്രശ്നം. ഇവിടെ വിവാഹിതയായ ഒരു സ്ത്രീയുടെ തെറ്റിനെ ചൂണ്ടിക്കാണിച്ച് ആ വിഷയത്തെ വക്രീകരിച്ച് വളച്ചൊടിച്ച് ആ പെൺകുട്ടിയെ അപമാനിക്കുകയല്ല ചെയ്യേണ്ടത്. നോക്കൂ ഈ പെൺകുട്ടിയെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് കുറ്റം പറയാൻ പറ്റുക.
വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ഭർത്താവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിക്കൂടെ? അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാനും ആ ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത തീരുമാനമെടുക്കാനും ഈ രാജ്യത്തെ ഏതൊരു പെൺകുട്ടിക്കും അവകാശം ഉണ്ട്.
അപ്പോൾ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ കുടുംബജീവിതത്തിൽ ഉണ്ടായ മാനസിക പ്രശ്നങ്ങൾ പറയാൻ വേണ്ടി ഒരു പൊതുപ്രവർത്തകനെ ബന്ധപ്പെടുമ്പോൾ, ആ പൊതുപ്രവർത്തകൻ ഈ പെൺകുട്ടിയുടെ ജീവിത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് സൗഹൃദവും പ്രണയവും ഒക്കെ സ്ഥാപിച്ച് ആ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ തീരുമാനിക്കുന്നു എന്ന് പറയുന്ന ഗുരുതരമായ കുറ്റമല്ലേ യഥാർഥത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും എംഎൽഎ എന്ന നിലയിലും രാഹുൽ ചെയ്തത്. ബാക്കി എല്ലാ വിഷയങ്ങളും മാറ്റിവച്ചേക്കൂ ഈ ഒരൊറ്റ വിഷയം തന്നെ എടുത്ത് നിങ്ങൾ അതിനെ കൃത്യമായിട്ട് ഒന്ന് പഠിക്കൂ. പ്രിയപ്പെട്ട രാഹുൽ ഈശ്വർ നിങ്ങൾ പുറത്തിറങ്ങുന്ന സമയത്ത് നിങ്ങൾ ഒരു നിമിഷം ഇതിനെക്കുറിച്ച് ഒന്നുകൂടെ ഒന്നു കൃത്യമായി അനലൈസ് ചെയ്യൂ.
നിങ്ങൾ ആ പെൺകുട്ടിയെ ഇത്രയേറെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതിന് മുൻപ് ആ പെൺകുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റെന്ന് പറയുന്നത് തന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പറയാൻ വേണ്ടിയിട്ട് വിശ്വാസ്യതയോടുകൂടി രാഹുലിനെ ബന്ധപ്പെടുന്നു. രാഹുൽ ആ വിഷയത്തെ മുതലെടുത്ത് സൗഹൃദവും പ്രണയവും സ്ഥാപിക്കുന്നു.
സ്വാഭാവികമായും തന്റെ ഭർത്താവിൽ നിന്ന് പിരിയണമെന്ന് ആഗ്രഹിക്കുന്ന അല്ലെങ്കിൽ വിവാഹജീവിതത്തിൽ താല്പര്യമില്ലാതെ തനിക്ക് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നാലോ എന്ന് ചിന്തിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ പോലെ മിടുക്കനായ ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന എംഎൽഎ ആയിരിക്കുന്ന ഒരാൾ അതായത് തന്നെ സംരക്ഷിക്കുമെന്നും ഭാവിയിൽ തന്റെ ജീവിതം സുഖകരമായി പോകുമെന്നും പ്രതീക്ഷയോടുകൂടി തന്നെ അയാളുമായിട്ട് ബന്ധപ്പെടുകയും ആ ബന്ധം ലൈംഗിക ബന്ധത്തിലേക്ക് മാറുകയും അയാൾ അമ്മയാകാൻ പറയുന്നിടത്ത് അത് അനുസരിക്കുകയും ചെയ്യുമ്പോൾ ഈ പെൺകുട്ടിക്കു സംഭവിച്ചത് ലോകത്തെ ഏതൊരു പെൺകുട്ടിക്കും സംഭവിക്കാൻ പറ്റുന്ന അല്ലെങ്കിൽ ഏതൊരു സ്ത്രീക്കും സംഭവിക്കാൻ പറ്റുന്ന മാനസികമായിട്ടുള്ള ഒരു പുരുഷന്റെ ഇമോഷനൽ കൺവേർഷന്റെ ഭാഗമായി സംഭവിച്ചിട്ടുള്ള ഒരു വീഴ്ച മാത്രമാണ്.
കുടുംബജീവിതത്തിൽ നല്ല രീതിയിൽ പൊയ്ക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കിടയിലും ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ട് ഈ സ്ത്രീയെ കുറ്റം പറയുന്നതിനു പകരം ഇത്തരത്തിൽ ഒരു സ്ത്രീ ഒരു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ ബന്ധപ്പെടുമ്പോൾ അല്ലെങ്കിൽ ഒരു എംഎൽഎ ബന്ധപ്പെടുമ്പോൾ അത് മുതലെടുത്ത് സെക്സ് ആണ് ആവശ്യമെങ്കിൽ നിങ്ങൾ സെക്സ് ചെയ്തിട്ട് പോയിക്കോളൂ അത് അത്രയും പ്രശ്നമുള്ള കാര്യമല്ല, പക്ഷേ ഇവിടെ അവരെ അമ്മയാകാൻ പ്രേരിപ്പിക്കുകയാണ്. ഇത് സൈക്കോ മാനസികാവസ്ഥയാണ്. ഏത് രീതിയിലാണ് ഇതിനെ പൊതുസമൂഹം ന്യായീകരിക്കുക. പുരുഷന്മാർ സ്ത്രീകൾക്കു വേണ്ടി സംസാരിക്കണം, അവർക്കൊപ്പം നിൽക്കണം.
Movies
മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന സിനിമയുടെ അണിയറപ്രവർത്തകരെ വിമർശിച്ച അഖിൽ മാരാർക്ക് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജോൺ.
സിനിമയ്ക്ക് ആളു കയറുന്നില്ല എന്നു കണ്ടപ്പോൾ പ്രൊഡക്ഷന്റെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് അഖിൽ മാരാറിന്റെ പ്രസ്താവനയെന്നും പ്രേക്ഷകർ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്നും സംവിധായകൻ ആരോപിച്ചു.
ബാബു ജോണിന്റെ കുറിപ്പ്
അഖിൽ മാരാർക്ക് സ്റ്റാർഗേറ്റിന്റെ മറുപടി. ‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന സിനിമയെ കുറിച്ച് അഖിൽ മാരാർ ഇന്ന് പുറത്തു വിട്ട പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
1.വയനാട് വീട് വെച്ച് കൊടുക്കുന്നതിനെക്കുറിച്ച് ഒരു വിഷയവും സ്റ്റാർഗേറ്റ് പ്രൊഡക്ഷന് അറിവുള്ളതല്ല.
2. ഈ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം അദ്ദേഹം ഡബ്ബിങ്ങിന് മുന്നേ വാങ്ങിച്ചിട്ടുണ്ട്.
ജനങ്ങൾ സിനിമ ഏറ്റെടുത്തില്ല എന്നത് ശരി തന്നെയാണ്. എന്തുകൊണ്ട്? അതാണ് വിഷയം. ഞങ്ങളുടെ നിരീക്ഷണത്തിൽ മനസ്സിലായ കാര്യം, അനാവശ്യ സ്ഥലങ്ങളിൽ ഉള്ള പരാമർശംമൂലം എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും ഒരുപോലെ വെറുപ്പിച്ചു എന്നതാണ്.
കശ്മീരിൽ വെടിവെപ്പിൽ ആളുകൾ മരിച്ചപ്പോൾ രാജ്യത്തിന് എതിരായി പറഞ്ഞിട്ട് കേസ് ആയി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യരുതെന്നു ആഹ്വാനം ചെയ്ത് പാർട്ടിക്കാരുടെ ശത്രുത നേടി. ഒടുവിൽ യുവനേതാവിനെതിരെ രംഗത്ത് വന്നു വേറേയും ശത്രുക്കൾ ഉണ്ടാക്കി. ഈ സമയത്തൊക്കെ പ്രൊഡക്ഷൻ ടീം അദ്ദേഹത്തെ വിലക്കിയിരുന്നു.
അതുകൊണ്ടുതന്നെ പല സ്ഥലത്തും സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാണ് ഉണ്ടായത്. സിനിമയ്ക്ക് ആളു കയറുന്നില്ല എന്ന് കണ്ടപ്പോൾ പ്രൊഡക്ഷന്റെയും ഡയറക്ടറേയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഉപാധി മാത്രമാണ് ഇത്തരം പ്രസ്താവനകൾ.
3. പിന്നെ കൃത്യമായി ഈ സിനിമയുടെ സ്ക്രിപ്റ്റ് കേട്ടിട്ടാണ് അദ്ദേഹം വന്നു ജോയിൻ ചെയ്തത്. വർക്ക് കംപ്ലീറ്റ് ആയി കോഴിക്കോടുള്ള സ്റ്റുഡിയോയിൽ വന്ന് പൂർണമായും സിനിമ കണ്ടു ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് ട്രെയിലർ ലോഞ്ചിനുള്ള കാര്യങ്ങൾ ചെയ്തതും, ബിഗ് ബോസിൽ പോയി പ്രൊമോഷൻ നടത്തിയതും. അതും പ്രൊഡക്ഷൻ കമ്പനി എടുത്തുകൊടുത്ത ടിക്കറ്റിൽ.
സിനിമ ഹിറ്റാകുമെന്നും ഒരുപാട് ഫാൻസ് ഉണ്ട് എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പ്രേക്ഷകർ സിനിമ തിരസ്കരിച്ചതും, നെഗറ്റീവ് റിവ്യൂ എഴുതിവിട്ടതും അദ്ദേഹത്തോടുള്ള വിരോധത്തിന്റെ പേരിലാണെന്ന് ഞങ്ങൾ മനസിലാക്കുന്നു.
മലയാളത്തിലെ പ്രശസ്തനായ ഒരു സിനിമാ നിരൂപകനുമായുള്ള വിഷയത്തിൽ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതും, കൊച്ചി ആസ്ഥാനമായി സിനിമ പ്രൊമോഷൻ ചെയ്യുന്ന ഓൺലൈൻ ചാനലുകാർ എല്ലാവരേയും കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ട കാരണം അഖിൽ മാരാരിന്റെ ഒരു വീഡിയോസും അവർ കൊടുക്കില്ല എന്ന് തീർത്തു പറയുകയും അവർ പറഞ്ഞത് പ്രകാരം ട്രെയിലർ ലോഞ്ച് സമയത്തുള്ള വിഡിയോസിൽ അദ്ദേഹത്തിന്റെ മുഖം ബ്ലർ ആക്കിയിട്ടാണ് കൊടുത്തത്.
അറിയപ്പെടുന്ന ചാനലുകാർ ആരും കൊടുത്തതും ഇല്ല. സിനിമ റിലീസ് സമയത്തും അവർ പറഞ്ഞു ഞങ്ങളെ കുറ്റം പറഞ്ഞ ആളിന്റെ സിനിമയുടെ പ്രൊമോഷന് ഞങ്ങൾ വരില്ല എന്ന്. അവസാനം അഖിൽ മാരാർ അദ്ദേഹത്തിന്റെ നാട്ടിൽ കൊട്ടാരക്കരയിൽ ആണ് സിനിമ കണ്ടത്.
കൊച്ചിയിൽ വനിത തിയറ്ററിൽ അദ്ദേഹം വരില്ല എന്ന് അറിഞ്ഞപ്പോൾ ഓൺലൈൻ മീഡിയയിൽ ഉള്ള എല്ലാവരും വരികയും വീഡിയോസ് എടുക്കുകയുമാണ് ഉണ്ടായത്. സത്യാവസ്ഥ ഇതൊക്കെ ആയിരിക്കെ, അദ്ദേഹം ഇന്ന് നടത്തിയ പ്രസ്താവന തികച്ചും സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം മാത്രമാണ്.
സിനിമ കണ്ട ആളുകളിൽ കൂടുതലും അദ്ദേഹത്തിനെ മാത്രം കുറ്റപ്പെടുത്തിയാണ് കമന്റുകൾ ഇട്ടത്. അത് അദ്ദേഹമായി ഉണ്ടാക്കി വച്ച രാഷ്ട്രീയത്തിലെ ശത്രുക്കളും ഓൺലൈൻ ആൾക്കാരും, ബിഗ് ബോസിൽ കൂടെ ഉണ്ടായിരുന്നവരുമൊക്കെയാണ്.
നാട്ടിൽ എന്തു പ്രശ്നം ഉണ്ടായാലും അതിനെ കുറിച്ച് കണ്ടന്റ് ഉണ്ടാക്കി ശത്രുക്കളെ ഉണ്ടാക്കിയത് ഈ സിനിമ നിർമിച്ചവർ അല്ല. അവസരങ്ങൾക്കൊത്തു നിലപാടുകൾ മാറ്റുന്നത് ആർക്കും ഭൂഷണമല്ല.
കടക്കെണിയിൽ ആയിപ്പോയ നിർമാതാവിനെ സഹായിക്കാം എന്ന തീരുമാനത്തിലാണ് മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന സിനിമയില് നായകനായി അഭിനയിച്ചതെന്നായിരുന്നു സിനിമയുടെ പരാജയത്തെ തുടർന്ന് അഖിൽ മാരാരുടെ പ്രസ്താവന. തന്നെ നായകനാക്കി സിനിമ മാർക്കറ്റ് ചെയ്യരുതെന്ന് അണിയറ പ്രവർത്തകരോടു പറഞ്ഞിരിന്നുവെന്നും ഒരു ഉദ്ഘാടനം ചെയ്താൽ തനിക്ക് കിട്ടുന്ന ശമ്പളമാണ് 20 ദിവസത്തെ അഭിനയത്തിനായി വാങ്ങിയതെന്നും അഖിൽ മാരാർ വ്യക്തമാക്കി.
സംവിധായകനും ക്യാമറാമാനും എഡിറ്റർക്കും സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മറ്റു പലർക്കും ഇല്ലാത്ത സകല കുറ്റങ്ങളും തന്റെ തലയിൽ കെട്ടിവച്ചെന്നും അഖിൽ ആരോപിച്ചു.
Movies
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും. അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ, സെറീനാ ജോൺസൺ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി.
അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം. അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അഭിഷേക് ശ്രീകുമാർ, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്,കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ എന്നിവർ യഥാക്രമം ഈ അഞ്ചു ചെറുപ്പക്കാരെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ജോയ് മാത്യു. കോട്ടയം നസീർ, കോട്ടയം രമേശ്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാർ, ഉദയ കുമാർ, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ്, ശ്രീഷ്മ ഷൈൻ ദാസ്, വീണ (അമ്മു), സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതം - ജെനീഷ് ജോൺ, സാജൻ കെ. റാം, ഗാനരചന വൈശാഖ് സുഗുണൻ, ഷിബി പനങ്ങാട്. ഛായാഗ്രഹണം - എൽബൻ കൃഷ്ണ, എഡിറ്റിംഗ്. - രജീഷ് ഗോപി. കലാസംവിധാനം - അജയ് മങ്ങാട്, കോസ്റ്റ്യും ഡിസൈൻ - സമീറാ സനീഷ്, മേക്കപ്പ് - റോണക്സ് സേവ്യർ. ത്രിൽസ് - കലൈ കിംഗ്സൺ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - എസ്. പ്രജീഷ്.( സാഗർ), അസോസിയേറ്റ് ഡയറക്ടർ - ബ്ലസൻ എൽസ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ, പ്രൊഡക്ഷൻ മാനേജർ അതുൽ തലശേരി. ആസാദ് കണ്ണാടിക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ. ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആർഒ-വാഴൂർ ജോസ്.